Tuesday, September 1, 2009

കണ്ണാടിബിംബങ്ങള്

പെണ്ണെഴുത്തെന്ന ക്ലീഷേയെ മറികടന്ന് കൊണ്ട് ഈ കവയിത്രി. ഡോ.എം.പി.സലിലയുടെ കവിതകള്‍ കാലത്തോട് കയര്‍ക്കുകയാണ്‌. ഒരു എഴുത്തുകാരന്‍/കാരി എന്താണ്, എങ്ങനെയാവണം എന്ന ചോദ്യത്തിന് ഉത്തരം സലിലയുടെ കവിതകളിലൂടെ കടന്നു പോകുമ്പോള്‍ തെളിഞ്ഞു കിട്ടുന്നുണ്ട്‌. കാരണം ഈ കവയിത്രി താന്‍ ജീവിക്കുന്ന കാലത്തെ തന്റെ രചനകളിലൂടെ രേഖപ്പെടുത്തുന്നുണ്ട്. തന്റെ തൂലിക സമൂഹത്തിലെ പാര്‍ശ്വവല്കൃതരോടൊപ്പം എന്ന് ഓരോ സൃഷ്ട്ടിയിലൂടെയും അടിവരയിടുന്നു. ഈ കവിതകള്‍ കാലത്തിനു നേരെ പിടിക്കുന്ന കണ്ണാടിയാണ്. അതിലെ ബിംബങ്ങള്‍ ഞാനോ നീയോ ആകാം. നമ്മെ തിരഞ്ഞു പിടിച്ചു നാശത്തിലേക്ക് എറിയുന്ന സാമ്രാജ്യത്വം ആകാം.


വെസ്റ്റ്‌ ബാങ്കിന്‍റെ നിലവിളി… (Dr.M.P.Salila}



അതിരുകള്‍ മാഞ്ഞുപോയെന്ന്,
ദിക്കുകളില്ലെന്ന്,
യഥേഷ്ടം ചരിക്കാമെന്ന്
സദാ പറയുമ്പോഴും
പുതിയ രേഖകള്‍ പിറക്കുന്നുണ്ട് .
ഭൂപടങ്ങള്‍ തിരഞ്ഞു പോയ കണ്ണുകളില്‍,
പരീക്ഷയില്‍ നിരത്തിയ അക്ഷരങ്ങളില്‍
ക്ലാവ് വീഴുന്നത് നുണസാഹിത്യത്തിലൂടെ.
എനിക്ക് നേരെ അപ്പക്കഷ്ണം നീട്ടുമ്പോഴും
ആ കണ്ണുകള്‍ എന്നെ പുറകോട്ടു തള്ളുന്നുണ്ട്.
അങ്ങനെ പുറകോട്ടടിവച്ചു
നീങ്ങുന്ന എനിക്ക് പിന്നില്‍
വാതിലുകള്‍ തുറക്കുന്നുണ്ട്‌.
മുന്നിലെ വാതിലും
പിന്നിലെ വാതിലും
അര്‍ഥങ്ങള്‍ വ്യത്യസ്തമാക്കുമ്പോള്‍
തുറന്നിടുക എന്ന ക്രിയയിലൂടെ
നീ മുഖം മിനുക്കുകയും.
ഞാന്‍ അവസാന ഇടനാഴിയിലേക്ക്‌
ഇടറുമ്പോള്‍ കാല്‍പാദം
ചിലത് പറയുന്നുണ്ട്,
അവസാന പടിയില്‍ നിന്നും
എവിടേക്ക് ചുവടു വയ്ക്കും?
അവസാന ആകാശവും കടന്നെന്നിരിക്കട്ടെ,
പിന്നെയും എവിടെക്കാണ്‌
ആ ഇരുമ്പു കൈകള്‍ തള്ളുക?
പണ്ടത്തെ ഭൂപടങ്ങളേ ,
പരീക്ഷയില്‍ വിറപ്പിച്ച അക്ഷരങ്ങളേ,
പറയൂ,
എവിടെയാണെന്റെ ‍ കടവ്?

0 comments: