Tuesday, August 10, 2010

സൃഷ്ടികള്‍ ക്ഷണിക്കുന്നു...

മധുരം മലയാളം പബ്ലിഷിംഗ് ഓണ്‍ ലൈന്‍ രംഗത്തേക്ക്. ഇരുട്ടില്‍ നേരുകള്‍ നഷ്ടമാകുന്ന ഇക്കാലത്ത് വെട്ടമായി മാറുകയാണ് ഈ ഓണ്‍ ലൈന്‍ മാഗസിന്‍. വായിക്കുക, വെട്ടത്തില്‍ ചേരുക....

കഥ, കവിത, ലേഖനങ്ങള്, അയക്കുക. സൃഷ്ടികള്‍ പത്രാധിപ സമിതിയുടെ നിര്‍ദേശാനുസരണം മാത്രമേ പ്രസിദ്ധീകരിക്കൂ.
സൃഷ്ടികളുടെ പൂര്‍ണ ഉത്തരവാദിത്വം എഴുത്തുകാര്‍ക്ക് മാത്രമായിരിക്കും. അയക്കേണ്ട വിലാസം. vettammagazine@gmail.com
വെട്ടം
അക്ഷരങ്ങളുടെ സമരമുഖം.

http://vettamonline.com/

Thursday, March 4, 2010

മാതൃഭൂമി നഗരം

മാതൃഭൂമി നഗരം എന്ന പതിപ്പില്‍ മധുരം മലയാളം പബ്ലിഷിംഗ് ഹൌസിനെ കുറിച്ച്....

Wednesday, December 16, 2009

ആത്മായനങ്ങളുടെ തമ്പുകള്‍... ( novel )

ആത്മായനങ്ങളുടെ തമ്പുകള്‍. നിലവിലെ നോവല്‍ ചട്ടകൂടുകളെ തകര്ത്തെറിയുന്ന കൃതി. പേരുപോലെ തന്നെ ഇത് ആത്മാവിന്റെ തംബുകളിലൂടെയുള്ള സഞ്ചാരമാണ്. മഹത്തായ പ്രണയ സഞ്ചാരം. രമണന്‍ മലയാളത്തിലെ പ്രണയ കാവ്യം. അതിനു ശേഷം മലയാളി കാത്തിരുന്ന പ്രണയം ആത്മാവിന്റെ തംബുകളില്‍ അറിയാനാവുന്നു . പ്രണയം അറിയാലോ പഠിക്കലോ അല്ലെന്നു ഈ നോവല്‍ വായിക്കുമ്പോള്‍ വ്യക്തമാകും. പ്രണയം അനുഭവിക്കല്‍ തന്നെ. അത് ഉടലുകളുടെ സംഗമമോ കാഴ്ച്ചയുടെ ഉത്സവമോ അല്ലെന്നു നോവലിസ്റ്റ്. ഇത് പ്രണയം ആകുമ്പോള്‍ പോലും മലയാളത്തിലെ ആദ്യ ദാര്‍ശനിക നോവല്‍ കൂടിയാണ്.
"ഞാനുണ്ടാകുന്നത് നിന്നിലൂടെ
നീയില്ലെങ്കില്‍ ഞാനെന്തിന്!
നീ ഇല്ലാതെയാകുക എന്നാല്‍
എനിക്ക് ശൂന്യത, മരണവും"

ഇത് ധ്വനികളുടെ ആകാശം. കാലത്തിനു അപ്പുറത്തേക്ക്, എന്തിനു കാലമില്ലയ്മയിലേക്ക് സഞ്ചരിക്കുന്ന ആത്മാക്കള്‍. രണ്ടു കഥാ പാത്രങ്ങള്‍ മാത്രമുള്ള ഈ നോവല്‍ അവസാനിക്കുമ്പോള്‍ കഥാ പാത്രങ്ങള്‍ പോലും ഇല്ലാതെ തമ്മില്‍ ലയിച്ചു ചേര്‍ന്ന ആത്മാക്കളുടെ ഏകാതയില്‍ എത്തുന്നു. ഒരു നോവല്‍ വായിക്കുന്നിടത്തല്ല അത് അനുഭവിക്കുന്നിടത്താണ് സാഹിത്യത്തിന്റെ വിജയം എന്ന് ഈ പുസ്തകം അടിവരയിടുന്നു.

മാമൂല്‍ ധാരണകളെ പറിച്ചെറിയുന്ന സ്‌നേഹകഥാഖ്യാനം (അവതാരിക )

മാമൂല്‍ ധാരണകളെ പറിച്ചെറിയുന്ന പ്രണയകഥാഖ്യാനമാണ് എന്റെ മുന്നിരിക്കുന്ന ഈ മാനുസ്‌ക്രിപ്റ്റിലുള്ളത്. മാനുസ്‌ക്രിപ്‌റ്റെന്ന് എടുത്തുപറയാനൊരു കാരണമുണ്ട്. കൈകൊണ്ടല്ലാതെ എഴുതാനാവാത്ത ഒരു കഥയാണ്, അല്ലെങ്കില്‍ ആഖ്യാനമാണ് ' ആത്മായനത്തിന്റെ തമ്പുകള്‍' . ഇതിന് അവതാരികയെഴുതാന്‍ കൃതഹസ്തനായ എം. കെ. ഖരീം എന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഊഹം പോലുമില്ല. ഞാന്‍ അംഗീകാരമുള്ള എഴുത്തുകാരനല്ല. സാഹിത്യത്തിന്റെ മഹാക്ഷേത്രത്തില്‍ എവിടെയെങ്കിലും കയറിയിരിക്കാനുള്ളയോഗ്യതയൊന്നും ആരും എനിക്ക് നല്കിയിട്ടില്ല; അത് ഇടത്തുള്ളവരായാലും വലത്തുള്ളവരായാലും. അപ്പോള്‍ എന്തിനാണ് ഖരീമിനെ പോലെ ലബ്ധപ്രതിഷ്ഠനായ ഒരു നോവലിസ്റ്റ്, കൈരളി അറ്റ്‌ലസ് അവാര്‍ഡും ഒ. വി. വിജയന്‍ അവാര്‍ഡും നേടിയ ഒരാള്‍ എന്നെ അവതാരികാകാരനായി കണ്ടെത്തുന്നത്?

അവിടെയാണ് ഈ നോവലിലെ വിഗ്രഹധ്വംസനം ഞാന്‍ കാണുന്നത്. ഞാന്‍ ഒരു സ്ഥിരം വായനക്കാരനാണ്. ചേതന്‍ ഭഗത്തിന്റെ അവസാനത്തെ പൈങ്കിളിയും ഞാന്‍ വായിച്ചു തീര്‍ത്തിരിക്കുന്നു. എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല. വായിക്കാന്‍നിയോഗമുള്ള പലരുടെ കൂട്ടത്തില്‍ ഒരാളായതിനാല്‍ അങ്ങനെ ചെയ്യുന്നു.. അത്തരം രചനകള്‍പോലും, വായിച്ച ഉടനെ മറന്നുപോവുന്ന രചനകള്‍പോലും, വായിക്കുകയെന്ന നിയോഗം സ്വയം ഏറ്റെടുത്ത ഒരാളാണ് ഞാനെന്നര്‍ത്ഥം. അതൊരനര്‍ത്ഥമാണ് താനും. പക്ഷേ ഈയനര്‍ത്ഥത്തില്‍നിന്ന് ഉണ്ടായ ഒരു നേട്ടമാണ് ഈ അവതരണകര്‍മ്മം. വായനക്കാരുടെ പക്ഷത്തുനിന്ന് നോവലിനെ കാണുന്ന ഒരാളെന്നനിലയിലാവണം ഖരീം അവതാരികയെഴുതാന്‍ എന്നെ ചുമതലപ്പെടുത്തിയത്. നോക്കൂ, വായനക്കാരുടെ പക്ഷമറിഞ്ഞ് നോവലെഴുതാന്‍ എം. മുകുന്ദന്‍ തയ്യാറെടുക്കുന്ന കാലമാണിത്.
ഈ നോവല്‍ ഒരുപ്രണയകഥാഖ്യാനമാണ്. രമണന് ശേഷം മലയാളത്തില്‍ പ്രണയം വീണ്ടും ജീവിതവുമായി ലയിച്ചുചേരുകയാണ്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള അപൂര്‍വ്വമായ ഒരുപ്രണയാനുഭവം. പ്രായത്തിനും പദവിക്കുമപ്പുറം പ്രണയാനുഭവം തീക്ഷ്ണവും തീവ്രവുമായിത്തീരുന്ന നോവലാണ് എം. കെ. ഖരീമിന്റെ ഏറ്റവും പുതിയ ഈ കൃതി. വിശ്വം മുഴുവന്‍ രണ്ടു ബിന്ദുക്കളായി ചുരുങ്ങുന്നു. അവലയിച്ചുചേരുന്നു. സൂഫികളുടെ ആത്മലയത്തിന്റെ ധ്വനി ഈ രചനയില്‍ പൂവിടരുന്നപോലെ കേള്‍ക്കാവുന്നു.

അതെ, സൂഫികള്‍ക്ക് സവിശേഷമായ പ്രണയമാണ് ഈ രചനയുടെ സവിശേഷത. സൂഫികള്‍ക്ക് ജീവിതം മുഴുവന്‍ പ്രണയാനുഭവമാണ്. റൂമിയുടെ ജീവിതം ഇതിനു നല്ല ഉദാഹരണമാണ്. അപ്പോഴും ഒരു സൂഫിയും ജീവിതത്തില്‍നിന്ന് ഒളിച്ചോടുകയില്ല. അയാള്‍ രമണന്റെ വിഡ്ഢിത്തം കാണിക്കുകയില്ല. കാരണം, സൂഫിയില്‍ ആസക്തി പരിത്യാഗമായി പരിണമിക്കുകയാണ്. അതോ മറിച്ചോ? നിങ്ങള്‍ ഒരു സാധാരണ കാമുകനായിക്കൊള്ളട്ടെ, സൂഫിസം നിങ്ങളില്‍ ചേക്കേറുകയാണെങ്കില്‍ നിങ്ങളുടെ അനുരാഗം ദൃഢവും ശക്തവുമായി പരിണമിക്കും. നിങ്ങള്‍ ഒരു സാമൂഹികപ്രവര്‍ത്തകനാണെങ്കില്‍ സൂഫിസം നിങ്ങളിലെ പ്രതിബദ്ധതയെ ദൃഢതരമാക്കും. യോദ്ധാവിനെ ജേതാവാക്കുന്ന വിദ്യയാണ് സൂഫിസം എന്നൊന്നും ഇതിനര്‍ത്ഥമില്ല.
സമാധാനം എന്നത് കേവലം അലങ്കാരമല്ലെന്നും ജീവിതത്തിന്റെ അര്‍ത്ഥം തന്നെയാണെന്നും അതിനു സ്‌നേഹം കൂടിയേ കഴിയൂ എന്നും, സ്‌നേഹം ഉണ്ടാവാനുള്ളപോരാട്ടം നടക്കണമെന്നുമാണ് ഖരീം സംപ്രേഷണം ചെയ്യാനാഗ്രഹിക്കുന്ന സന്ദേശം.
' സൂഫികള്‍. യോഗികള്‍ ഏതുരാജ്യക്കാര്‍ ആവട്ടെ, ഏതുഭാഷസംസാരിക്കട്ടെ, ഏതേതുകാലങ്ങളിലായി ഉടലുകളിലൂടെ സഞ്ചരിക്കട്ടെ, അവര്‍ ചിന്തിക്കുന്നത്, സംസാരിക്കുന്നത് അറിവിനെ കുറിച്ച്, സ്‌നേഹത്തെയും പരാശക്തിയെയും കുറിച്ച്.. അതില്‍ ആവര്‍ത്തനമുണട്, സ്‌നേഹിക്കുക എന്നതു തന്നെ ആവര്‍ത്തനമല്ലേ?' സ്‌നേഹത്തിന്റെ ഈ നിത്യാവര്‍ത്തനമാണ് വിശ്വസാഹിത്യത്തിലെ എല്ലാ മഹാരചനകളിലും ആത്യന്തികമായി കാണാവുന്നത്.

ജിഹാദിനെ കുറിച്ചുള്ള ചില ആശയങ്ങള്‍ ഖരീമിന്റെ കഥാപാത്രം പലപ്പോഴായി പറയുന്നുണ്ട്. അവയില്‍ എനിക്ക് യോജിക്കാനാവാത്തകാര്യങ്ങളുണ്ടെന്ന് പറയട്ടെ. ലൗജിഹാദ് എന്ന പ്രചാരവേല തികച്ചും ഹീനമായ ഒരാരോപണവും ജിഹാദ് ആത്മശുദ്ധിക്കുവേണ്ടിയാണെന്ന ആശയം അതിരുകവിഞ്ഞ അവകാശവാദവും ആണെന്നേ ഞാന്‍ പറയൂ. ലൗജിഹാദിന്റെ ഇരയായിരുന്നു കമലാസുരയ്യ എന്ന വാദം ചില അസഹിഷ്ണുക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം എന്ന ആശയത്തിന് സാമാന്യമായി എതിരാണ് ഞാന്‍, അത് ഏത് മതത്തിലേക്കായാലും. അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടി അബ്ദുള്ളയായി മാറി, കാണാന്‍ ചെല്ലുമ്പോള്‍ കുഞ്ഞരക്കാര്‍ പ്രകടിപ്പിക്കുന്ന ആ മനോഭാവമാണ് മതപരിവര്‍ത്തനത്തോട് എനിക്കുള്ളത്. അതിനര്‍ത്ഥം ഒരു വിശ്വാസപ്രമാണം തനിക്ക് അഹിതമായാല്‍ ആവ്യക്തി അതില്‍തന്നെ തുടര്‍ന്നുകൊള്ളണമെന്നല്ല. കമലാദാസിനെ പോലെ ഉയര്‍ന്ന സര്‍ഗ്ഗാത്മകതയും ധൈഷണികതയുമുള്ളൊരാള്‍ തന്റെ വിശ്വാസത്തില്‍ മാറ്റം വരുത്തുമ്പോള്‍ അത് സ്വന്തം മനസ്സാക്ഷിയുടെ തീരുമാനമാണെന്ന് വിട്ടുകൊടുക്കുന്നതാണ് യുക്തി. മാത്രമല്ല, നാനാജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ ജാതിയും മതവും നോക്കിയുള്ള അനുരാഗങ്ങളേ നടക്കാവൂ എന്ന ശാഠ്യം ഒട്ടും പ്രായോഗികവുമല്ല. പക്ഷേ , ഇതൊന്നും അസഹിഷ്ണുക്കളുടെ മത്ത് കുറയ്ക്കാന്‍പോന്ന ന്യായങ്ങളാവില്ല, തീര്‍ച്ച.
അനല്‍ ഹഖ് എന്ന കഥയെഴുതിയതിനു ബഷീറിനോട് മതമൗലികവാദം ഒരിക്കലും ക്ഷമിച്ചിരുന്നില്ലെന്നോര്‍മ്മിക്കുക. സംഘടിതമതങ്ങള്‍ക്ക് അദൈ്വതം അംഗീകരിക്കാനാവില്ല. സൂഫിസമാവട്ടെ , അല്പമൊരളവിലെങ്കിലും അദൈ്വതമാണ് താനും. പ്രണയിയുമായുള്ളതാദാത്മ്യം തന്നെയാണ് സൂഫിസം. അവിടെ ജാതിമതങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല.

എന്നാല്‍ ഇന്നത്തെ ലോകസാഹചര്യത്തിലും എന്നും ജിഹാദ് എന്നാല്‍ യുദ്ധം തന്നെയായിരുന്നുവെന്ന് കാണാന്‍പ്രയാസമില്ല. ഒസാമാബ്ന്‍ ലാദന്‍ നടത്തുന്നപോരാണ് ജിഹാദ് എന്ന് സാമാന്യ സമൂഹം ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഖുര്‍ ആനിലും അവിശ്വാസികള്‍്‌ക്കെതിരായ പോരാട്ടം തന്നെയാണ് ജിഹാദ്. സൈനികമായപോരാട്ടം മാത്രമല്ല, ആശയപരമായ പോരാട്ടവും അതില്‍ ഉള്‍പ്പെടും. അതായത് , പ്രധാനമായും അത് സൈനികമായ പോരാട്ടം തന്നെയാണ്. അത് കൊണ്ടാണ് ജിഹാദ് എന്നാല്‍ ആത്മശുദ്ധീകരണമാണെന്ന വാദം അതിരുകവിഞ്ഞ അവകാശവാദമാണെന്ന് പറയേണ്ടിവന്നത്.
ഇത്രയും പറയുന്നത്, ആത്മായനങ്ങളുടെ തമ്പുകള്‍ ജിഹാദിനനുകൂലമായ നോവലായതുകൊണ്ടല്ല. സമാധാനത്തിനുവേണ്ടിയുള്ള ഏറ്റവും അര്‍ത്ഥവത്തായ രചനയാണത്. ജാതിമതങ്ങള്‍, വംശവര്‍ണ്ണങ്ങള്‍ക്കും അതീതമായ ഉദാത്തമായ സ്‌നേഹമാണ് ഈ നോവലിലൂടെ ഖരീം മനുഷ്യരാശിക്കുനല്കുന്നത്.

ആത്മായനത്തിന്റെ തമ്പുകള്‍ നോവലാണ്, ദാര്‍ശനികകൃതിയോ മതശാസ്ത്രവ്യാഖ്യാനമോ അല്ല. രണ്ടുകഥാപത്രങ്ങളുടെ ഹൃദയൈക്യത്തിന്റെ പ്രഘോഷണമാണ് ഈ കൃതി. ഉടല്‍ അപ്രധാനമാവുന്ന ആത്മൈക്യമാണ് ഖരീം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നത്. ഉടല്‍ മാത്രമല്ല, സാധാരണ മട്ടിലുള്ള വ്യാകരണം പോലും ഈ ആത്മൈക്യത്തിനു മുന്നില്‍ അപ്രധാനമാണെന്ന് കാണാം. ചിലവാക്യങ്ങള്‍ പൂര്‍ണമാവാതെ നില്ക്കുകയാണ്. ആ അപൂര്‍ണതയാണ് ഈ ഭാവോന്മീലനത്തിന്റെ വ്യാകരണം. ' പാടത്തു നില്ക്കുന്ന കൊക്കില്‍ നമ്മെ വായിച്ചിട്ടുണ്ട്. മേഘങ്ങളില്‍, മഴയിലും താമരയിലും അതേ വായന.' ഈ ഉദ്ധരണിയിലെ രണ്ടാം വാക്യം അപൂര്‍ണമാണ്. പക്ഷേ ഈയപൂര്‍ണതയോടെയാണ് അതിലെ സൗന്ദര്യം പൂര്‍ണമാവുന്നത്.

ഈ നോവല്‍ വളരെ ചാരിതാര്‍ത്ഥ്യത്തോടെ മലയാളികളുടെ സമക്ഷം അവതരിപ്പിച്ചുകൊള്ളട്ടെ. ഇത് അവതരിപ്പിക്കുവാനുള്ള അവസരം നല്കിയതിന് നോവലിസ്റ്റിനോട് അഗാധമായ നന്ദി അറിയിച്ചുകൊള്ളട്ടെ.

സി.പി. അബൂബക്കര്‍, തണല്‍, മേപ്പയൂര്‍
209 നവംബര്‍ 30.



വില നൂറു രൂപ
വിതരണം: ദേശാഭിമാനി ബുക്സ്

ആറാമിന്ദ്രിയം (കവിതകള്‍ )


ഡിസംബര്‍ പന്ത്രണ്ടിന് കൊഴികോട് ഭാഷാ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് ഗിരീഷ്‌ കുമാര്‍ വര്‍മയുടെ ആറാമിന്ദ്രിയം എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു.


വര്‍മയുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ പഴയ രചനാ രീതിയില്ല. പുത്തന്‍ കൂറുകാരുടെ വാക്കുകള്‍ പെറുക്കി വച്ചുള്ള ഉത്തരാധുനികത ചമക്കല്‍ ഇല്ല. വേറിട്ട ഒരു സഞ്ചാരത്തിന്റെ നിലവിളി വരികളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാം. പ്രമേയം ഒതുക്കിയും ലളിതമായ പദങ്ങളില്‍ കോര്‍ത്തും നമുക്ക് മുന്നില്‍ പിടിച്ചിരിക്കുമ്പോള്‍ വായിക്കാതിരിക്കാന്‍ ആവില്ല.. നമ്മുടെ നാട്ടുമ്പുറത്തുകാരന്റെ സമൂഹത്തിലെ ലളിതമായ ഇടപെടല്‍ അറിയാനാവുന്നു. ചില കവിതകളില്‍ നാം ശെരിക്കും പെണ് ശബ്ദം കേള്‍ക്കുന്നു. കവിതയ്ക്ക് അങ്ങനെ ആണെന്നോ പെണ്ണെന്നോ തരം തിരിവ് ഇല്ലെങ്കിലും ഇക്കാലത്തെ ചില പെണ്ണെഴുത്തുകാരികള്‍ അവകാശപ്പെടുന്നത് പോലെയല്ല പെണ്‍ വിഷയം ആണ്‍ കവികള്‍ കൈകാര്യം ചെയ്യുക എന്ന വാദം പൊളിച്ചെഴുതുന്നു വര്‍മ. നിക്കാഹ് എന്ന കവിത ഏറ്റവും നല്ല ഉദാഹരണമാണ്. മലബാര്‍ ദേശത്തും മറ്റും നിലനില്‍ക്കുന്ന അറബി കല്യാനത്തിലേക്ക് ഒരു ടോര്‍ച്ചു അടിച്ചു നോക്ക് അതില്‍ പ്രകടമാണ്.

വില: നാല്പത് രൂപ
വിതരണം: ദേശാഭിമാനി ബുക്സ്

കണ്ണാടി ബിംബങ്ങള്‍ ( കവിതകള്‍ )

2009, ഡിസംബര്‍ പന്ത്രണ്ടിന് കൊഴികോട് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ചു ഡോ.എം.പി.സലിലയുടെ കണ്ണാടി ബിംബങ്ങള്‍ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.
നേരിനു നേരെ പിടിച്ച കണ്ണാടിയാണ് കവിതകള്‍. കവി നമ്മോടു പറയുന്നതു ഇക്കാലത്തെ കുറിച്ചു തന്നെ. കവിത കവി ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തല്‍ കൂടിയാണ് എന്ന് അടിവരയിടുന്നു. ആഗോള സാമ്പത്തിക കെണിയില്‍ പെട്ടവന്റെ നിലവിളി ഇടക്കിടെ കേള്‍ക്കാനാവുന്നു. ഓരോ അടി മണ്ണും പങ്കു വച്ച ഭൂമാഫിയയോട് കയര്‍ത്തുകൊണ്ട്. നഷ്ടമായ സാമ്സ്കാരികതെയെ കുറിച്ചു വിലപിച്ചുകൊണ്ട്. കവിതകള്‍ നമ്മെ വലിച്ചു കീറുന്നുണ്ട് . വരാന്‍ പോകുന്ന ലോകം എന്തെന്ന് കവി രേഖപ്പെടുത്തുന്നു. പെണ്ണെഴുത്ത് എന്ന ക്ലീഷേയില്‍ കുടുങ്ങാതെ ഈ കവി. ഇതു മാപ്പിള, നമ്പൂതിരി, ദളിത്, പെണ്ണെഴുത്തെന്നില്ലാതെ . ഇതു മനുഷ്യന്‍ മനുഷ്യനായി എഴുതിയത്. അതുകൊണ്ട് തന്നെ ഈ കവിത വായനക്കാരുടെതായി മാറുന്നു.

വില: അമ്പത് രൂപ .

വിതരണം: ദേശാഭിമാനി ബുക്സ്.



സ്വന്തം നോവുകള്‍


മധുരംമലയാളം പ്രസിദ്ധീകരിച്ച സി.പി.അബൂബക്കര്‍ന്റെ സ്വന്തം നോവുകളുടെ പ്രകാശന വേള. കോഴിക്കോട് ഭാഷാ ഇന്സ്റ്റിട്യൂ ടിന്റെ അന്താരാഷ്ട്രപുസ്തകോത്സവ വേദി. ബഹുമാന്യനായ പത്ര പ്രവര്‍ത്തകന്‍ശ്രീ എന്‍.മാധവന്‍ കുട്ടിയില്‍ നിന്നും നോവലിസ്റ്റ്എം.കെ.ഖരീം പുസ്തകം ഏറ്റുവാങ്ങുന്നു.
വില നൂറു രൂപ.
സ്വന്തം നോവുകള്‍ ലേഖനം എന്ന തലത്തിലാണ് പെടുത്തിയതെങ്കിലും വായിച്ചു നീങ്ങുമ്പോള്‍ കവിതയുടെ സുഖമുണ്ട്. ശരിക്കും നോവുകള്‍ പെയ്യുകയാണ്.. ഏകാന്തമായ കവിയുടെ ഒരിടം എന്ന് സൂചിപ്പിക്കുമ്പോള്‍ അത് നമ്മോടു ജീവിതം പറയുന്നുണ്ട്. നാം വാചകങ്ങളിലൂടെയല്ല, എന്തിനു പദങ്ങളിലൂടെ പോലുമല്ല കടന്നു പോകുന്നത് ഓരോ അക്ഷരവും ധ്യാനം പോലെ നമ്മില്‍ കലരുന്നു. ചിലപ്പോള്‍ ദറിതയുടെ മിന്നലാട്ടം നമ്മെ ഇളക്കി മറിക്കുന്നു. തീര്‍ച്ചയായും കാലത്തോട് ഇണങ്ങാന്‍ മടിക്കുന്ന ഒരു ഹൃദയത്തിന്റെ സ്പന്ദനം ഏറ്റുവാങ്ങാതെ പുസ്തകം താഴെ വയ്ക്കില്ല.

വിതരണം : ദേശാഭിമാനി ബുക്സ്

പുസ്തകങ്ങള്‍ വില്‍പ്പനക്ക്.


കവിതകള്‍:
1. ആറാമിന്ദ്രിയം - എം.കെ.ഗിരീഷ്‌ കുമാര്‍ വര്‍മ. Rs. 40
2. കണ്ണാടി ബിംബങ്ങള്‍ - ഡോ.എം.പി.സലില. Rs. 50
3. ഭൂമിയുടെ കണ്ണ് - സി.പി.അബൂബക്കര്‍. Rs. 50
4. മുറിവേറ്റവരുടെ തടാകം - സി.പി.അബൂബക്കര്‍. Rs. 70

ലേഖനങ്ങള്‍:

1. റൂമിയുടെ പുല്ലാങ്കുഴല്‍ - സി.പി. അബൂബക്കര്‍, എം.കെ.ഖരീം. Rs. 100
2. സ്വന്തം നോവുകള്‍ - സി.പി. അബൂബക്കര്‍. Rs. 100

നോവല്‍:

ആത്മായനങ്ങളുടെ തമ്പുകള്‍ - എം.കെ.ഖരീം. Rs. 100

പുസ്തകങ്ങള്‍ ഏഴും ഒരുമിച്ചു എടുക്കുന്നവര്‍ക്ക് നാനൂറു രൂപയ്ക്കു (Rs. 400 )ലഭിക്കുന്നതാണ്.
പോസ്റ്റെജ് വിവരം:
കേരളത്തില്‍ ( ഏഴു പുസ്തകങ്ങള്‍ ) അമ്പതു രൂപ.
കേരളത്തില്‍ ( ഒരു പുസ്തകം ) ഇരുപതു രൂപ.
കേരളത്തിനു പുറത്ത് ( ഏഴു പുസ്തകങ്ങള്‍ ) നൂറ്റി മുപ്പതു രൂപ.
കേരളത്തിനു പുറത്ത് ( ഒരു പുസ്തകം ) അറുപതു രൂപ.
മാന്യ സുഹൃത്തുക്കള്‍ പുസ്തകത്തിന്റെ വിലയോടൊപ്പം പോസ്റ്റെജ് ചാര്‍ജു കൂടി അയക്കാന്‍ താല്പര്യപ്പെടുന്നു.
പണം അയക്കേണ്ട അക്കൌണ്ട് നമ്പര്‍ ;
ACCOUNT NO: 44032200064197
BANK: SYNDICATE BANK, BALUSSERY



കൂലി ചിലവു ഭാരിച്ചത് ആയതിനാല്‍ വിദേശത്തേക്ക് പുസ്തകം അയക്കാന്‍ ബുദ്ധിമുട്ടാണ്.